മലയാളം

ബോംബേ കുൽഫി

മഴയത്തു നടന്നാൽ സങ്കടം മാറും എന്നാരോ പറഞ്ഞു കേട്ടിട്ടുണ്ട്. ഒരാഴ്ചയായി മഴ നനഞ്ഞു ഫുടബോൾ കളിക്കുന്നു. കളി കഴിയുമ്പോൾ സങ്കടം താനേ തിരിയെ വരുന്നു. അങ്ങനെ കുറെ ദിവസങ്ങൾ ക്ലാസ്സിലെ ചിലപ്പൻ ചങ്ങാതി സൈലന്റ് മോഡിൽ ഇരുന്നത് കൊണ്ടാവാം പൂജാരി ഫ്രണ്ട് എന്നേം വിളിച്ചു ഒരു ട്രിപ്പ് അങ്ങ് പോയത്. ഞാനും ബോബെ കുൽഫിയും ആദ്യമായ് കണ്ടുമുട്ടിയതന്നാണ്.ചുവന്ന ബോർഡിൽ മിന്നി തിളങ്ങുന്ന LED ലൈറ്റുകൾക്ക് നടുവിൽ പച്ച ബാക്ക്ഗ്രൗണ്ടിൽ വെളുത്ത അക്ഷരങ്ങളിൽ ഇങ്ങനെ നിവർന്നു നില്കുന്നു “ബോംബെ കുൽഫി”. നിന്റെ എല്ലാ വിധ സങ്കട രോഗങ്ങൾക്കും ഇതാണ് മരുന്ന് എന്നും പറഞ്ഞു പൂജാരി ഒരു കുൽഫി വാങ്ങി തന്നു. മലായ് കുൽഫിയുടെ രുചി പടലങ്ങൾ നാവിൻ തുമ്പിൽ അലിത്ത് ഇറങ്ങുമ്പോൾ പുറത്തു മെല്ലെ മഴ പൊടിഞ്ഞു തുടങ്ങി. അതൊരു തിരിച്ചറിവായിരുന്നു ” സങ്കടം മാറ്റാന് ബോംബെ കുൽഫി ആയാലും മതി”.

 

“ബോൻജോ” “കൊമോ എസ്താസ്” “ഗ്ലുട്ടൻ മോർഗ്ഗൻ” വിദേശ ഭാഷകളിലെ നമസ്കാരങ്ങ്‌ൾ കാണതെ പടിച്ച് പോണ്ടിച്ചേരി റോക് ബീചിലുടെ നടക്കുംബോൾ മനസ് നിറയെ പ്രതീക്ഷകൾ ആയിരുന്നു. ഇന്നെങ്കിലും ഒരു വിദേശിയോട് ഒരു രണ്ട് മിനിറ്റ് തികച്ച് സംസാരിക്കണം. അതും അവരുടെ ഭാഷയിൽ. ബീച്ചിലെ കറക്കത്തിൽ പ്രതീക്ഷ നഷ്ടപ്പെട്ട്‌ നിരാശനായ് ഒരു പബ്ബ് തേടി അലയുംബോൾ ആണ് ആ സ്കൂട്ടർ മുന്നുൽ വന്ന് നിന്നത്. “Excuse me, do you guys know Bombay Kulfi”. മൂക്കുത്തി, തിക്‌ ഫ്രേം കണ്ണട, അൽപം ചുരുണ്ട മുടി – മൂന്ന് കൊല്ലത്തെ മൊത്തം Australian accent കുത്തിതിരുകി വഴി പറഞ്ഞ് കൊടുക്കാൻ ഇതിലും കൂടുതൽ ഒന്നും ഞാൻ ഇന്നെ വരെ പ്രതീക്ഷിച്ചിട്ടില്ല. ലെഫ്റ്റും റൈറ്റും മിക്സ് ചെയത് എന്തെക്കെയൊ പറഞ്ഞു. ചുരുക്കത്തിൽ പറഞ്ഞാൽ ഇനി മേലിൽ അവർ ആരോടും വഴി ചോദിക്കാൻ സാധ്യത ഇല്ല. മൊബെയിലിൽ വഴി നോക്കി, സ്കൂട്ടർ ഓടിച്ചിരുന്ന ക്യൂട്ട് കുട്ടിയോട് തിക് ഫ്രേം പറഞ്ഞത് മലയാളം. സങ്കടം മാറ്റണ ബോംബെ കുൽഫി യുടെ ദൂദുമായി വന്ന മോഡേൺ മാലാഖമാർ മലയാളികളാകുന്നു. വീണ്ടും ഒരിക്കൽ കൂടി ബോംബെ കുൽഫി തേടി യാത്ര തുടങ്ങിയത് അവിടെ നിന്നാണ്. ഇത്തവണ മലായ് മാറ്റി പേരയ്ക ഓർഡർ ചെയ്തു. കുൽഫിയ്ക്കൊപ്പം സൈഡിൽ മുളക് പൊടി കണ്ടപ്പോൾ ഒന്ന് ഞെട്ടി. പക്ഷെ മുളക് പൊടിയിൽ മുക്കി ഒരു പീസ് നാവിൽ മെല്ലെ അലിഞ്ഞു ഇറങ്ങിയപ്പോൾ ഇനി വരുന്നു സർപ്രൈസുകളുടെ ഒരു തുടക്കം മാത്രമാണെന്ന് അറിഞ്ഞില്ല.

ബോംബെ കുൽഫി ഓർമകളിൽ രാത്രി പകലിനു വഴി മാറി. സെറിനിറ്റി ബീച്ചിൽ തുടങ്ങിയ നടത്തം അവസാനിച്ചത് ഓർറോ വില്ലയിൽ ആണ്. നിറവും മതവും ഭാഷയും, ആരൊക്കെയോ കോറി ഇട്ട കുറെ മതിൽ കെട്ടുകൾക്കപ്പുറം മനുഷ്യരായ് ജീവിക്കുന്ന ആളുകൾക്കിടയിലൂടെ നടക്കുമ്പോൾ തിരിച്ചറിവുകൾ ഏറെയാണ്. ലോകത്തിന്റെ എല്ലാ ദിക്കിൽ നിന്നുമുള്ള മണൽ കെട്ടുകൾ ചേർത്ത് വച്ച ആ വലിയ Amphitheatre ഇന് മുന്നിൽ ഒരു ചെറിയ മനുഷ്യനായ് നിൽക്കാൻ തന്നെ സുഖമാണ്. ഒരിക്കൽ കൂടി ആ മഹാ ശില്പത്തെ നോക്കി സൈഡിലേയ്ക് തിരിഞ്ഞതാണ്, അതാ നില്കുന്നു മിസ് തിക് ഫ്രെയിം വിത്ത് മൂക്കുത്തി, പിന്നാലെ ക്യൂട്ട് കുട്ടിയും ഉണ്ട്. ബോംബെ കുൽഫിയുടെ രുചി മാറും മുന്നേ വീണ്ടും അതാ അവർ. ഇത്തവണ വഴി ചോദിച്ചില്ല; ഭാഗ്യം! പകരം ഒരു ഫോട്ടോ എടുത്തു കൊടുക്കണമത്രേ! സുഹൃത്ത് ഫോട്ടോ പിടുത്തത്തിൽ മിടുക്കൻ ആയതു കൊണ്ട് ആ ഭാഗം ഭംഗിയായി കഴിഞ്ഞു പോയി. അവരെ കണ്ടത് കൊണ്ടാണോ എന്തോ വീണ്ടും കുൽഫി കഴിക്കാൻ ഒരു മോഹം. Auro Ville കഴിഞ്ഞു നേരെ രാമേശ്വരം പോകാൻ ഇരുന്ന ഞങ്ങൾ വീണ്ടും ഓരോ കുൽഫി അങ്ങട് കാച്ചി. ഇത്തവണ സർപ്രൈസ് വന്നത് ഒരു അണ്ണന്റെ രൂപത്തിൽ. പോണ്ടിച്ചേരി വരെ വന്നിട്ടു പാരഡൈസിൽ പോകാതെ മടങ്ങുന്നോ എന്ന ചോദ്യത്തിന് മറുപടി ഇല്ലാതെ വന്നപ്പോൾ ബോട്ട് ഹൌസിനു ബസ് കയറി.

ഇരു വശവും കടലുള്ള പാരഡൈസ് ഒഴുവാക്കിയിരുന്നെങ്കിൽ ഈ യാത്ര തന്നെ മറന്നു പോയേനെ. ഇളം കാറ്റും പാൽപ്പൊടി പോലെ വെറുത്ത മണലും ചുറ്റും ഉള്ള കടലും കണ്ടാൽ പാരഡൈസ് എന്നല്ലാതെ മറ്റൊന്നും പറയാൻ തോന്നില്ല. ചുറ്റുമുള്ള ചിരിക്കുന്ന മുഖങ്ങളും തിരമാലകളോട് മല്ലിടുന്ന കൊച്ചു കുറുമ്പൻ മാരെയും നോക്കി സമയം പോയതറിഞ്ഞില്ല.തിരകളെണ്ണി കരയിലേക്കു തിരിച്ചു നടന്നതും ബോംബെ കുൽഫി വീണ്ടും പ്രവർത്തിച്ചു തുടങ്ങി. പാരഡൈസിന്റെ നടുക്ക് നീല കുപ്പായം ഇട്ടു വീണ്ടും മിസ്.തിക് ഫ്രെയിം. ഇത്തവണ പോയങ്ങു മുട്ടി. കണ്ണൂർ ആണ് ദേശം. ഫാഷൻ ആണ് കല. ഇനിയും എവിടേലും വെച്ച് കാണാം എന്നും പറഞ്ഞു പിരിഞ്ഞു.

പോണ്ടിച്ചേരി യാത്ര കഴിഞ്ഞു മടങ്ങും വഴി വീണ്ടും ഒരു കുൽഫി കൂടെ കഴിച്ചു. ഫോർട്ട് കൊച്ചി കടപ്പുറത്തു തിക് ഫ്രെയിം ആൻഡ് ക്യൂട്ട് കുട്ടി വീണ്ടും വരുമോ എന്തോ???

Leave a Reply

അവൾ

October 3, 2016