ചായ സഞ്ചാരം – രണ്ട്
എയർപോർട്ടിലെ തണുപ്പ് കൂടി വരുന്ന പോലെ ഒരു തോന്നൽ. ചിലപ്പോൾ പ്രായം കൂടി വരുന്നതിന്റെ ഓർമപ്പെടുത്തൽ ആയിരിക്കാം. ഇത്രയും വർഷങ്ങൾക് ശേഷം ഒറ്റയ്ക്കു നാട്ടിലേയ്ക്കു പോകുന്നതിലെ ധിക്കാരം മാത്രമായിരുന്നു എല്ലാവരും കണ്ടത്. ലക്ഷ്യങ്ങൾ ഇല്ലാത്ത യാത്രയുടെ മുഷിപ്പ് അതുനഭവിച്ചവനെ അറിയു. ഏകാന്തതയിൽ മരണവും ഒരു ലക്ഷ്യമായി തോന്നിയപ്പോളും ജീവിതത്തിൽ നടക്കാൻ മറന്ന വഴികൾ തേടി പോകാൻ പ്രേരണ ആയതും ഒരു ആത്മാവാണല്ലോ. ഒരു പക്ഷെ ജീവനെ നിർജ്ജീവമാക്കി കഴിഞ്ഞ എന്നോട് അവനിലൂടെ ദൈവം സംസാരിച്ചതാകാം.
പ്രായാധിക്യത്തിൽ മെലിഞ്ഞ രൂപവും മെല്ലെ കിളിർത്തു തുടങ്ങിയ താടിയും കണ്ടിട്ടു ആകാം ആ പയ്യൻ എന്നെ നോക്കി അനുകമ്പാപൂർവം ചിരിച്ചത്. അരികിൽ വന്നിരുന്നു “ഒരു കോഫീ കുടിച്ചാലോ ചേട്ടാ” എന്നു ചോദിക്കുമ്പോൾ വിറയ്ക്കുന്ന എന്റെ വിരലുകളെ അവൻ ശ്രദ്ദിക്കുന്നുണ്ടായിരുന്നു. ചില മുഖങ്ങളും അവിടെ വിടരുന്ന ചിരിയും നമ്മളെ “വേണ്ട” എന്നു പറയാൻ വിലക്കും. ബോർഡിങ് ഏരിയയിലെ കഫേയിൽ അവൻ എനിക്കും വേണ്ടി ക്യൂ നിന്നു. നൂറു ചോദ്യങ്ങൾക്കു ശേഷം ഒരു നിമിഷത്തിൽ തയാറാക്കുന്ന യന്ത്ര കാപ്പി യുടെ രുചിയും യാന്ത്രികമായിരുന്നു. നാവിനും ശരീരത്തിനും ഇഷ്ടമായെങ്കിലും മനസ്സിൽ തങ്ങുന്ന എന്തോ ഒന്നു, അതു ആ കോഫീയിൽ ഇല്ലായിരുന്നു. വരിവരിയായി വിമാനത്തിലേയ്ക് കയറിയപ്പോഴേയ്കും ആ കോഫിയുടെ രുചി ഞാൻ മറന്നിരുന്നു.
പറന്നു പൊങ്ങിയ വിമാനത്തിന്റെ ജനലിലൂടെ, അകന്നു പോകുന്ന നഗരവെളിച്ചത്തെ നോക്കി ഞാൻ ഇരുന്നപ്പോഴും എന്റെ നാടിന്റെ ഓർമകളായിരുന്നു മനസ്സു നിറയെ. ചെറു മഴയിൽ ഉണരുന്ന പുലരികളിൽ പുകയുന്ന അടുപ്പിനരികെ ചൂട് കാഞ്ഞു കുടിയ്ക്കുന്ന കട്ടൻ കാപ്പിയുടെ ഉണർവായിരുന്നു മനസ്സു നിറയെ. നിത്യം ലഭിച്ചിരുന്ന കാലത്തു ആസ്വദിക്കാൻ മറന്നു പോയ ആനന്ദ നിമിഷങ്ങളുടെ ഓര്മ കുറിപ്പിലെ ഒരു ഇതൾ മാത്രമായിരുന്നു ആ കാപ്പി. എന്നിട്ടും മൈലുകൾ സഞ്ചരിച്ചു തേടി പോകുവാൻ മാത്രം എന്തോ ഒന്നു അതിലെവിടെയോ ഒളിഞ്ഞിരിക്കുന്നു.ഇനിയും ആ കാപ്പി തരുവാൻ അമ്മയില്ല. എനിക്കു കൂട്ടുവാൻ ആ തറവാട് വീടിന്റെ അടുപ്പും ഇല്ല. എങ്കിലും എവിടെയോ ആ രുചിയും ഉണർവും ഇന്നും നിലനിൽക്കുന്നു എന്ന വിശ്വാസത്തിൽ എന്റെ യാത്ര തുടർന്നു.
തുടരും….
Comments
നന്നായിട്ടുണ്ട് അലോഷി..എഴുത്തു തുടരുക..