കള്ള്
“നിനക്ക് പറ്റും, നിനക്കല്ലാതെ ആർക്കു പറ്റാനാ” വേനൽ ചൂടിൽ വരണ്ടു തുടങ്ങിയ പാട വരമ്പിലൂടെ എന്നെ പ്രോത്സാഹിപ്പിച്ചു കുട്ടൻ പറഞ്ഞു. സ്കൂൾ വിട്ടു ഞങ്ങൾ എന്നും ഈ വഴി ആണ് വരവ്. ഇതിലെ വന്നാൽ മേനോൻ ചേട്ടന്റെ പറമ്പിൽ നിന്ന് പേരയ്ക പറിയ്ക്കാം. കാര്യം കുറെ ഉറുമ്പോക്കെ ഉണ്ടെങ്കിലും മൊത്തം പഴുക്കാത്ത പേരയ്ക കടിച്ചു തിന്നാൻ നല്ല രസമാണ്. ഇടയ്ക്കു രണ്ട് പിഞ്ചു പേരയ്ക്കു പറിച്ചു പോകും വഴി ക്യാച്യും കളിക്കാം. കുട്ടൻ എന്റെ അമ്മായിടെ മോൻ ആണ്, പിന്നെ എന്റെ ബെസ്റ് ഫ്രണ്ടും. 2 ബി യിലെ ലാസ്‌റ് ബെഞ്ചിൽ ഇരിക്കുന്ന കുട്ടിയെ ലൈൻ അടിക്കുന്ന കാര്യം ആണ് കുട്ടൻ പറയുന്നത്. ദുൽഖർ സൽമാനെ പോലെ ഡാൻസ് കളിക്കുന്നവരെ അവൾക്കു ഇഷ്ടമാണെന്നു പറഞ്ഞത്രേ. കുട്ടൻ ഇങ്ങനത്തെ ന്യൂസ് ഒക്കെ പിടിക്കാൻ മിടുക്കൻ ആണ്. എനിക്കാണേൽ ആ കുട്ടീടെ മുഖത്തു നോക്കുമ്പഴേ നാണം വരും. പേര് പോലും ഇത് വരെ അറിയില്ല. കുട്ടൻ കണ്ടു പിടിച്ചു തരുവായിരിക്കും.ആനിവേഴ്സറി അടുത്ത ആഴ്ച ആണ്, അന്ന് സ്റ്റേജിൽ കയറി ഡാൻസ് കളിച്ചു അവളെ വീഴ്ത്തണം എന്നാണ് കുട്ടൻ പറയുന്നത്. പേരയ്ക്കയും മാങ്ങയും ഒക്കെ പറിക്കാൻ കേറുമ്പോ ഉറുമ്പു കടി കൊണ്ട് തുള്ളണതല്ലാതെ ഞാൻ ഇന്നേ വരെ ജീവിതത്തിൽ ഡാൻസ് കളിച്ചിട്ടില്ല. കുട്ടൻ പഠിപ്പിക്കുമായിരിക്കും എന്നാണ് പ്രതീക്ഷ.
ഞങ്ങടെ അയലത്തെ ചേട്ടൻ എപ്പോഴും ഫോണിൽ ആണ്. പുള്ളിക്ക് ലൈൻ ഒക്കെ ഉണ്ടെന്ന ആൾകാർ പറയണത്. കുട്ടൻ പറഞ്ഞു പുള്ളിനോട് ചോദിച്ച കുറെ ഐഡിയ ഒകെ പറഞ്ഞു തരുമെന്ന്. വൈകിട്ട് ചേട്ടന്മാർ പന്ത് കളിക്കുന്ന പറമ്പിന്റെ സൈഡിൽ പുള്ളി ഫോണും നോക്കി നിൽക്കുന്നുണ്ടായിരുന്നു. ഞങ്ങൾ പോയി കാര്യം പറഞ്ഞു. “പറഞ്ഞത് ശരിയാണ്, പെൺകുട്ടികളെ വളക്കാൻ രണ്ടു കാര്യങ്ങൾ വേണം, ഒന്നുങ്കിൽ ഡാൻസ് അല്ലെങ്കിൽ പരപൗരുഷം” ഞങ്ങളെ ഒന്ന് നോക്കിയിട്ടു പുള്ളി പറഞ്ഞു. “എനിക്ക് പരപൗരുഷം ഉള്ളത് കൊണ്ട് ഡാൻസ് വേണ്ടി വന്നില്ല, നിങ്ങൾ ഡാൻസിന്റെ വഴി നോക്കി നോക്ക്”. അപ്പൊ ഇനി കാര്യം നടക്കണേൽ ഡാൻസ് പഠിക്കണം അല്ലേൽ പരപൗരുഷം വേണം. ഈ പരപൗരുഷം എന്താണെന്നു എനിക്കും കുട്ടനും ഒരു പിടിയും കിട്ടിയില്ല. വൈകിട്ട് ചെണ്ടമുറിയൻ കപ്പ മുളകുപൊട്ടിച്ചതിൽ മുക്കി കഴിച്ചുകൊണ്ടിരുന്നപ്പോൾ കുട്ടൻ എന്റെ അമ്മയോട് ചോദിച്ചു “അമ്മായി ഈ പരപൗരുഷം എന്താ സാധനം”. മുളകുപൊട്ടിച്ചതിന്റെ എരിവ് കുറയ്ക്കാൻ അല്പം കുടി എണ്ണ ഒഴിച്ച് കൊണ്ടിരുന്ന ‘അമ്മ തല ഉയർത്തി ഉത്തരത്തിൽ നോക്കി ആലോചിച്ചിട്ട് പറഞ്ഞു “അതൊക്കെ നിങ്ങൾ പ്രായം ആകുമ്പോ അറിഞ്ഞോളും”. രാത്രി സീരിയലിന്റെ ഇടയ്ക്കു അച്ഛന് ചോറ് കൊടുക്കും നേരം ‘അമ്മ അച്ഛനോട് അടക്കിപ്പിടിച്ചു ചോദിക്കുന്നത് കേട്ടപ്പോഴേ എനിക്ക് മനസിലായി ഇതിനെ പറ്റി ആർക്കും വെല്യ ധാരണ ഇല്ലാന്ന്.
പരപൗരുഷം “ഗോപി” ആയ സ്ഥിതിയ്ക്ക് ഡാൻസ് തന്നെ രക്ഷ. ഡാൻസ് പഠിക്കാനാണേൽ ഇനി അധികം സമയവുമില്ല. പുത്തൻ കനാലിലെ കുളി ഒക്കെ കഴിഞ്ഞു ആഞ്ഞിലി ചക്കേം തിന്നു കനാൽ ബണ്ട് എത്തിയപ്പോ ഒരു ആൾകൂട്ടം. ആർപ്പു വിളിക്കണ ചേട്ടന്മാരുടെ ഇടയിലൂടെ കുട്ടൻ ഞെരിഞ്ഞു തിരിഞ്ഞു മുന്നിലോട്ടു പോയി. ഞാനാണേൽ ചേട്ടന്മാരെ തോണ്ടി വിളിച്ചു അകത്തേയ്ക്കു കേറാൻ പറ്റാതെ നിന്നു. അപ്പോഴേക്കും അദ്‌ഭുതം നിറഞ്ഞ കണ്ണും കൊണ്ട് കുട്ടൻ വീണ്ടും പുറത്തെത്തി. എന്റെ കൈയും പിടിച്ചു ആൾക്കൂട്ടത്തിന്റെ മുന്നിലേയ്ക്ക് കൊണ്ടുപോയി. അവിടെ പാക്കരൻ ചേട്ടൻ ഭയങ്കര ഡാൻസിങ് ആണ്. മുണ്ടൊക്കെ മടക്കി കുത്തി കണ്ണടച്ച് കാലും രണ്ടും ഒഴുക്കി നല്ല അടിപൊളി ഡാൻസ്. ചുറ്റും ഉള്ളോരൊക്കെ നല്ല ആർപ്പുവിളിയും കയ്യടിയും. ഞാനും കുട്ടനും നേർക്കു നേർ നോക്കി ചിരിച്ചു. ഡാൻസ് പഠിപ്പിക്കാൻ ആളെ കിട്ടിയ സന്തോഷത്തിൽ വഴിയിലെ ചെറു കളിലെല്ലാം പെറുക്കി മതിലിനെറിഞ്ഞു വീട്ടിൽ എത്തി. പാക്കരൻ ചേട്ടന്റെ ഡാൻസിന്റെ കഥ അച്ഛൻ അമ്മയ്ക്കു പറഞ്ഞു കൊടുക്കുന്നുണ്ട്. അത് കേട്ട് അമ്മ ചിരിയ്കുന്നുമുണ്ട്. പാക്കരൻ ചേട്ടനെ നാളെ തന്നെ കണ്ടു ഡാൻസ് പഠിത്തം തുടങ്ങണം. ഫീസ് ചോദിച്ചാൽ എന്റേം കുട്ടന്റേം കുടുക്ക പൊട്ടിക്കാം. പിന്നേം വേണേൽ പഞ്ചാര ടിന്നിൽ അമ്മ ഒളിപ്പിച്ചു വെച്ച നോട്ടും എടുക്കാം. ഇതൊക്കെ ഓർത്തു കൊച്ചു TV കണ്ടിരുന്നപ്പോ അച്ഛൻ വന്നു ചാനൽ മാറ്റി. “നിനക്ക് പഠിക്കാൻ ഒന്നും ഇല്ലെടാ” നു ചോദിച്ചപ്പോ വിഷയം മാറ്റാൻ “പാക്കരൻ ചേട്ടൻ എന്നാ ഡാൻസാലെ അച്ഛാ” എന്ന് ഞാൻ ചോദിച്ചു. എന്നേം അമ്മേനേം നോക്കി ചിരിച്ചിട്ട് അച്ഛൻ പറഞ്ഞു “ഓ അതൊക്കെ എന്നാ ഡാൻസാന്ന.. ഒരു കുപ്പി കള്ളടിച്ചാ ആർക്കും അതിലും അടിപൊളി ആയിട്ട് കളിയ്ക്കാൻ മേലെ…” “അതെ അതെ നിന്റെ അച്ഛൻ വരെ വെല്യ ഡാൻസ് കാരൻ ആകും” അമ്മയാണ് ആ വരി അവസാനപ്പിച്ചത്.
“ഒരു കുപ്പിയ്ക്കു അമ്പതു രൂപയേലും ആകും” മേനോൻ ചേട്ടന്റെ പേരക്കൊമ്പിൽ തൂങ്ങി നിന്നു കുട്ടൻ പറഞ്ഞു. “ഇടയ്ക്കു അപ്പത്തിന് ചേർക്കാൻ അച്ഛന്റെ കൂടെ എന്നേം അമ്മ പറഞ്ഞു വിട്ടിട്ടുണ്ട്”. “അമ്മായി അയച്ചതാ എന്നും പറഞ്ഞു നമുക്ക് പോയി മേടിയ്ക്കാം”. കുട്ടന് മേടിച്ചു പരിചയം ഉള്ളത് കൊണ്ട് എനിക്കും ധൈര്യം ആയി. എന്നാലും ഒരു സംശയം ഉള്ളിൽ ബാക്കി നിന്നു “കള്ള് തന്നെ കുടിയ്ക്കണോ അതോ കള്ള് ചേർത്ത അപ്പം കഴിച്ചാ മതിയോ?”. അച്ഛൻ പറഞ്ഞത് കല്ലെന്നാണല്ലോ, എന്റെ സുന്ദരീടെ കാര്യത്തിൽ ഒരു റിസ്ക് വേണ്ട. അങ്ങനെ ഞാനും കുട്ടനും കുടുക്ക പൊട്ടിച്ച കാശും കൊണ്ട് മനയ്ക്ക പടീലെ ഷാപ്പിന്ന് കള്ള് മേടിക്കാൻ തീരുമാനിച്ചു. ആനിവേഴ്സറിടെ അന്ന് രാവിലെ സ്കൂളിലേയ്ക്ക് നേരത്തെ ഇറങ്ങി, തോട്ടിൻ കരയിൽ ഒളിപ്പിച്ചു വെച്ച കുപ്പിയും എടുത്തു ഷാപ്പിൽ പോയി കള്ള് വാങ്ങണം. എന്നിട്ടു അത് കൊണ്ട് പോയി ഭാസ്കരേട്ടന്റെ തെങ്ങിൻ തോപ്പിലെ തത്തമ്മ കൂട്ടിൽ ഒളിപ്പിച്ചു വെയ്ക്കണം. ഉച്ച കഴിഞ്ഞു ആനിവേഴ്സറി തുടങ്ങും വന്നേ എടുത്തു കുടിക്കണം എന്നിട്ടു പോയി “ചുന്ദരി പെണ്ണെ” പാട്ടിനു ഡാൻസ് കളിക്കണം. ഇത്രേം ബുദ്ധി ഉണ്ടായിട്ടും കുട്ടന് എങ്ങനാ പരീക്ഷയ്ക്ക് തോറ്റു പോണെന്നു ഇപ്പോഴും ഒരു പിടിയും ഇല്ല.
പ്ലാൻ പോലെ ഞാനും കുട്ടനും ഷാപ്പിൽ പോയി കുപ്പി നിറയെ കള്ള് വാങ്ങി. കാശു കൊടുത്തു പുറത്തേക്കിറങ്ങിയതും അതാ മുന്നിൽ എന്റെ അച്ഛൻ. “എന്താ ഇവിടെ.” കയ്യിലെ കുപ്പി മേടിച്ചു മണത്തിട്ടു ” ആരാ കള്ള് മേടിക്കാൻ പറഞ്ഞു വിട്ടത്”. “അമ്മായി” ഞാനും കുട്ടനും ഒരേ സ്വരത്തിൽ പറഞ്ഞു. “ആരുടെ അമ്മായി” എന്ന് മാത്രേ അച്ഛൻ ചോദിച്ചോളൂ. പിന്നെ മൊത്തം ചൂരലിന്റെ ഡാൻസ് ആയിരുന്നു. എല്ലാരുടേം പിന്നിൽ എണിറ്റു നിന്നു തുട തിരുമ്മി 3 എ ലെ അമൽ ചേട്ടൻ “ചുന്തരീ പെണ്ണിന്” ഡാൻസ് കളിക്കുന്ന നേരം കുട്ടൻ പറഞ്ഞു “അടുത്ത കൊല്ലത്തേയ്ക് പാരപൗരുഷം ഉണ്ടാക്കാം, അല്ലാതെ ഇപ്പൊ എന്നാ ചെയ്യാനാ”.
Comments