ഒരു സായാഹ്നക്കുറിപ്പ്
രാത്രികളേക്കാൾ ഭയാനകമായ ചില സന്ധ്യകൾ ഉണ്ട്. പകൽ മായും മുൻപേ ചുവപ്പിൽ കുളിച്ച് ഇരുട്ടിനെ വരവേൽക്കാനിരിക്കുന്ന സന്ധ്യകൾ. നിറങ്ങൾ നിറഞ്ഞ് നിന്ന പൂക്കളും പക്ഷികളൂം എല്ലാം നിഴലുകൾ മാത്രമായി മാറുന്ന സന്ധ്യകൾ. വെളിച്ചത്തിനിരുവശവും നിഴലുകൾ മാത്രം നിവർന്ന് നിൽകുന്ന സന്ധ്യകൾ. മെല്ലെ ഉദിച്ച് വരുന്ന നിലാവിനു ഇടമറ തീർത്ത് ഒഴുകി നീങ്ങുന്ന മേഘങ്ങൾ കൂടി ആയാൽ ഏതു ഇരുട്ടിനേക്കാളും ഭീതിപ്പെടുത്താൻ ശക്തമായ സന്ധ്യകൾ. ചെറു തണുപ്പുള്ള കാറ്റു കൂടി ആയാൽ തീർത്തും ഭീതി ജനകമാണു ഈ സന്ധ്യകൾ.
ടാർ ഇട്ട പഞ്ചായത്ത് വഴിയിൽ നിന്നും കുറച്ച് അകത്തേയ്കു മാറിയാണു വീട്. വീട്ടിലേയ്കുള്ള വഴി അത്ര നന്നല്ല. അതിരു തിരിയ്കാൻ പണ്ടെന്നോ നട്ട മരങ്ങൾ എല്ലാം ഇന്നു വളരെ വളർനിരിയ്കുന്നു. കരിയിലകൾ നിറഞ്ഞ വഴിയിൽ ഓരോ കാലടിയും വ്യക്ത്മായി കേൾക്കാം. വല്ലാതെ ഭയം തോന്നിയാൽ ആ വഴിയിലൂടെ സഞ്ചാരം അസാധ്യമാണ്. കരിയിലകൾക്കനങ്ങാൻ ചെറിയൊരു കാറ്റോ ഓന്തോ ധാരാളമാണ്. മെല്ലെ ഇളകുന്ന കരിയിലകൾക്കൊപ്പം അതിവേഗം പായുന്ന ചിന്തകൾ ആണു പ്രശ്നം. കാറ്റാണെന്ന ഉറപ്പിനെ പോലും സംശയിച്ച് അറിയാതെ തിരിഞ്ഞ് നോക്കുന്ന മനസ്സ്; അവിടെയാണു ഭയത്തിന്റെ തുടക്കം. കാറ്റിനു ശക്തി അല്പം കൂടിയാൽ ഇലകൾ പറയാതെ കാലിൽ വന്നുരുമും. താൻ പോലുമറിയാതെ കാലടികളുടെ വേഗത കൂടും. ശ്വാസോഛ്വാസത്തിന്റെ താളം തെറ്റും. കൺപോളകൾ മിന്നിത്തുറക്കാൻ മടിയ്കും. കണ്ണുചിമ്മുന്ന നിമിഴം പിന്നിലാരോ പാഞ്ഞടുക്കുന്ന പോലൊരു തോന്നൽ.
വീടിന്റെ മുന്നിൽ തെളിഞ്ഞു നിൽക്കുന്ന ബൾബിൽ കണ്ണുകൾ ഉറപ്പിച്ച് മുന്നോട്ട് നടന്നു. ബൾബിനു ചുറ്റും പറക്കുന്ന പ്രാണികളിൽ പോലും എന്തൊക്കെയോ മാറ്റങ്ങൾ പോലെ. കണ്ണിന്റെ വശങ്ങളിൽ കാണുന്ന ചെറിയ അനക്കങ്ങളിൽ ശ്രദ്ധ മാറാതെ ഭയത്തെ നിയന്ത്രിച്ഛു മുന്നോട്ട് നീങ്ങി. അന്തരീക്ഷത്തിൽ ഇനിയും അല്പം വെളിച്ചം ബാക്കിയുണ്ട്. വീടിനോട് അടുത്തപ്പോൾ ഉള്ളിലെ ഭയം കുറഞ്ഞ് ഇല്ലാതായി. ഇനിയൊന്നും ഭയപ്പെടാനില്ല എന്ന ഉറപ്പ് ഉള്ളിൽ നിറച്ച അഹങ്കാരത്തിൽ കണ്ണ് ഒന്നു മിന്നി തുറന്നു. എങ്ങും ഇരുട്ട് മാത്രം. സൂര്യൻ പൂർണമായും മറഞ്ഞു, തലയ്കു മീതെ ഒഴുകി നടന്ന കാർമേഘം നിലാവിനെ മറച്ചു പിടിച്ചു. കരണ്ട് അന്നും ഇന്നും പ്രവചനാധീതമാണു. ഒരു കണ്ണിമ നേരത്തിൽ വെളിച്ചത്തിന്റെ സുരക്ഷിതത്തിൽ നിന്നു ഇരുട്ടിന്റെ അകത്തളത്തിലേയ്കു തള്ളി വിടാനുള്ള സന്ധ്യയുടെ ഈ ക്രൂരതയാണ് അതിനെ ഭീതിജനകമാക്കുന്നത്. കൊതുകിന്റെ മൂളൽ പോലും ഭയപ്പെടുത്തും എന്നു തിരിച്ചറിയുന്ന നിമിഷങ്ങൾ. പോക്കറ്റിൽ നിന്നു മൊബൈൽ എടുത്തു ഫ്ലാഷ് ഓണാക്കിയപ്പോൾ മുന്നിൽ മിന്നി മറിഞ്ഞ പുക എന്താണെന്നു ചിന്തിക്കാൻ നിൽകാതെ വാതിലിനരികിൽ എത്തി. വെളിച്ഛത്തിനൊപ്പം ശബ്ദവും പോയ പൊലെ. കനത്ത നിശബ്ദദയിൽ ഹൃദയമിടിപ്പും ഉയർന്നു കേൾക്കാം. താക്കോൽ പോക്കറ്റിൽ ഇല്ല. മൊബൈൽ എടുത്തപ്പോൾ വീണു പോയതാവാം. താക്കോൽ തിരയാനായ് തിരിഞ്ഞ് മുന്നോട്ട് നടക്കാൻ തുടങ്ങവേ പിന്നിൽ നിന്നാരൊ വലിച്ച പോലെ. ഇരു തോളുകളിലും സർവ ശക്തിയും കൊടുത്ത് പിന്നിലേയ്കു ഒരു വലി. കൈയിൽ നിന്നും മൊബൈൽ തെറിച്ചു പോയി. വീണ്ടും സർവത്ര ഇരുട്ടു പടർന്നു. ശ്വാസം നിലച്ചുപോയ നിമിഷങ്ങൾ. കണ്ണു രണ്ടും ഇറുക്കി അടച്ച് വലതു കൈ നെഞ്ചിലൂടെ മെല്ലെ തോളിലെയ്കു കൊണ്ടുപോയി. ബാഗിന്റെ വള്ളി വലിഞ്ഞ് മുറുകിയിരിക്കുന്നു. ധൈര്യം വീണ്ടെടുത്ത് തിരിഞ്ഞു നോക്കി. തീരെ മങ്ങിയ വെളിച്ചത്തിൽ വാതിലിന്റെ പിടിയിൽ ബാഗ് കുടുങ്ങിയതു കണ്ടു. മൊത്തതിൽ ഒരു ലക്ഷണ കേട് പോലെ. ഇരുട്ടിൽ പരതി മൊബൈൽ തിരിച്ചെടുത്ത് ഓണാക്കി. മൊബൈൽ വെളിച്ചത്തിൽ താക്കോൽ കണ്ടെത്തി വീട്ടിൽ കയറി.
മെഴുകു തിരി വെളിച്ചതിൽ വേഷം മാറി. ടീ ഷർട്ട് കണ്ണുകളെ മറച്ച ആ ഒരു നിമിഴം വരും വഴി കേട്ട ശബ്ദങ്ങളും തോന്നലുകളും മനസ്സിലൂടെ പാഞ്ഞ് പോയി. ജനലുകളും വാതിലുകളും അടച്ചിട്ട മുറിയിലെ മേശയിൽ കത്തിച്ചു വെച്ച മെഴുകു തിരി നാളത്തെ കുറെ നേരം ശ്രദ്ധിച്ചു. കാറ്റു കടക്കാത്ത മുറിയിലും ആ തീ നാളം ഇടയ്കിടെ ആടി ഉലയുന്നത് എങ്ങനെ ആണ്. ചിന്തകൾ കാട് കയറും മുൻപേ കണ്ണുകൾ അടച്ചു കിടന്നു. പ്രാർഥന ചൊല്ലുംബോഴും പുതപ്പിനു പുറത്തെ വിരലുകളിൽ ആയിരുന്നു മനസ്സ്. അമാനുഷികമായതെല്ലാം അന്തരീക്ഷത്തിലല്ല മറിച്ച് മനുഷ്യന്റെ മനസ്സിലാണെന്നു പലവരി സ്വയം ഉരുവിട്ടു മെല്ലെ കണ്ണുകൾ അടച്ച് ഉറക്കതിലേയ്കു വഴുതി വീണു. സ്വപ്നം എന്റെ കൈയിൽ അല്ല അതുകൊണ്ടതിനെ ഭയക്കയും വേണ്ട. ശുഭ രാത്രി.
Comments
Superb