എസ്തേറിന്റെ പ്രേമലേഖനങ്ങൾ – ഒന്ന്
CFLന്റെ വെള്ള വെളിച്ചത്തേക്കാൾ എനിക്കിഷ്ടം നമ്മുടെ പഴയ മഞ്ഞ ബൾബിനെ തന്നെയാണ്. വോൾട്ടേജിനൊപ്പം മിന്നിക്കളിക്കുന്ന മഞ്ഞവെളിച്ചത്തിൽ അലിഞ്ഞ ഓർമകൾ ഏറെയാണ്. ജോണിനെ ഞാൻ ആദ്യം കാണുന്നതും, അയാൾ എന്നോട് ഇഷ്ടം പറയുന്നതും, ആദ്യമായ് മനസും മെയ്യും കൈമാറിയതും എല്ലാം ഈ മഞ്ഞവെളിച്ചത്തിന്റെ സാക്ഷ്യത്തിൽ ആയിരുന്നു. അത് കൊണ്ടു തന്നെ എന്റെ ടേബിൾ ലാംബിലും ആ ഉണ്ട ബൾബ് കത്തി നിന്നു. മക്കളില്ലാത്തത്തിൽ എന്നെക്കാൾ വിഷമം ജോണിനായിരുന്നു. മരണക്കിടക്കയിലും എന്റെ കൈ അമർത്തി പിടിച്ച് ജോണ് പറഞ്ഞത് – ” നിനക്കൊരു കൂട്ടാകാൻ ഒരു കുഞ്ഞിനെ തരാൻ എനിക്ക് കഴിഞ്ഞില്ലല്ലോ എന്റെ എസ്ഥേറെ!” – എന്നായിരുന്നു.
ജോണ് എന്നെ വിട്ട് പിരിയുമെന്ന് കാലം നേരത്തെ തന്നെ സൂചനകൾ തന്നിരുന്നു. എങ്കിലും അവസാന നാളുകൾ വരെയും ഞാൻ അതെല്ലാം കണ്ട ഭാവം നടിച്ചില്ല. ഒരു പക്ഷെ ചുരുളൻ മുടിയും കട്ടത്താടിയും, എന്തിന് പുരികം പോലുമില്ലാതെ എന്റെ പ്രിയതമനെ ഞാൻ കാണണമെന്ന് മുകളിലെ അതിയാന് വാശി ഉണ്ടായിരുന്നിരിക്കാം. മണിയൻ കുന്നിലെ ഈ വലിയ വീട്ടിൽ എന്നെ തനിച്ചാക്കി ജോണ് പോയിട്ട് ഒരാണ്ടോളം ആകുന്നു. ആദ്യകാലങ്ങളിൽ – ബിജോയ് – എന്റെ സഹോദരനും, അമ്മയും എന്റൊപ്പം വന്നു താമസിച്ചു. അതിനൊപ്പം നിത്യം വന്നിരുന്ന സഹതാപ കമ്മിറ്റിയും എന്റെ മനസ്സിനെ അധികം ദൂരെയെങ്ങും അലയാതെ ഈ മുറിക്കുള്ളിൽ തന്നെ പിടിച്ചു കെട്ടി. നാല്പതും കൊന്തയും എല്ലാം കഴിഞ്ഞതും സന്ദർശനങ്ങൾ ഫോണ് വിളികളിലേയ്ക് ചുരുങ്ങി. ഒടുവിൽ ആ വലിയ വീട്ടിൽ ഞാനും ഓർമകളും മാത്രമായി.
പകൽ സമയങ്ങളിൽ എന്നെ സഹായുക്കുവാനും ഒരു കൂട്ടിനുമായി ചിന്നമ്മ വന്നിരുന്നു. ജോണ് ഉള്ളപ്പോഴും എന്റെ മണിയൻ കുന്നിലെ ഏഷ്യാനെറ്റും മനോരമയും എല്ലാം ചിന്നമ്മയായിരുന്നു. ദുഃഖ ചിന്തകളുടെ ലോകത്തു ചരടില്ലാതെ പറക്കാൻ വെമ്പിയിരുന്ന മനസ്സിനെ ഒരു പരിധിവരെ തടഞ്ഞത് ചിന്നമ്മയും അവരുടെ ഏഷണികളും ആയിരുന്നു. പക്ഷെ ജോണ് ഇല്ലാത്ത ഈ ലോകം എനിക്ക് ശൂന്യമായിരുന്നു. പലപ്പോഴും ജോണിനരികിലേയ്ക് പറന്ന് ചെല്ലാൻ അതെന്നെ പ്രേരിപ്പിച്ചു കൊണ്ടിരുന്നു.
ചിന്നമ്മ വീട്ടിലേയ്ക്കു പോയാൽ ഊണു കഴിഞ്ഞു കൊന്ത ചൊല്ലി ഉറങ്ങലാണ് പതിവ്. അന്ന് ഞാൻ അറിയാതെ എന്റെ മനസ്സ് എന്നിൽ നിന്നും അകന്ന് പോയി. സ്ഫടിക കോപ്പയിലെ കഞ്ഞിയിൽ നിന്നും പൊങ്ങുന്ന ആവി നോക്കി ഏകാന്തതയിൽ ലയിച്ച് ഞാൻ ഇരുന്നു. ചെറു കാറ്റ് പോലും വീശാത്ത ആ സന്ധ്യയും ഏകാന്തയായിരുന്നു. കണ്ണുകൾ ഉയർത്തി ചുറ്റും നോക്കുമ്പോഴെല്ലാം ഞാൻ ജോണിന്റെ അഭാവം കാണാൻ തുടങ്ങി. അരികിലെ കസേരയിൽ മണ്ടൻ തമാശകൾക്കൊപ്പമുള്ള ചിരിയില്ല. നിർത്താതെ വലിച്ചിരുന്ന സിഗരറ്റിന്റെ ഗന്ധമില്ല. യാന്ത്രികമായി ഞാൻ ആ വീട് മുഴുവൻ ജോണിനെ തേടി. ടീ പോയിൽ കാലു നീട്ടി സോഫയിൽ ചാഞ്ഞിരുന്ന് പത്രം വായിക്കുന്നില്ല. ബാത്റൂമിലെ കണ്ണാടിയിൽ താടി മിനുക്കുന്നില്ല. കട്ടിലിന്റെ വലതു വശത്ത് നിവർന്ന് കിടക്കുന്നുമില്ല. നനവില്ലാത്ത നീല ബ്രഷും, തൂളികിടക്കാത്ത ഷർട്ടുകളും എന്നെ വല്ലാതെ അലട്ടി. എനിക്ക് ജോണിനാടുത്തെത്തണം എന്ന് മനസ്സുറക്കെ പറഞ്ഞ് കൊണ്ടേയിരുന്നു.
കൈത്തണ്ടു മുറിക്കാനോ, കഴുത്തിൽ കുരുക്കിടാനോ എനിക്കറിഞ്ഞു കൂടാ. ഒരു പക്ഷെ അതിനുള്ള മനോബലം എനിക്കില്ല. അത് കൊണ്ട് അലമാരയുടെ മൂലയിൽ ഇരുന്ന ജോണിന്റെ ഉപയോഗശൂന്യമായ മരുന്നുകൾ ഞാൻ കയ്യിൽ എടുത്തു. വെള്ളം തൊടാതെ എല്ലാം എന്റെ ഉള്ളിലേയ്ക്കിറക്കി. ജോണ് അനുഭവിച്ച ഓർമകൾ മനസ്സിൽ തികട്ടി വന്നു. ജോണിന്റെ വസ്ത്രങ്ങൾ ഒന്നൊന്നായി എടുത്ത് ഞാൻ വാരി പുണർന്നു. പതിനാല് കൊല്ലം മുന്നേ ഒരു മീനമാസത്തിൽ ജോണ് എനിക്ക് കിരീടമായ് അണിയിച്ച മന്ത്രകോടി ഞാനെടുത്തുടുത്തു. എന്റെ ജീവൻ പോലെ ആ പട്ടിന്റെയും നിറം മങ്ങിയിരുന്നു. ഈ ലോകത്തിലെ ഓർമ്മകൾ അയവിറക്കി യാത്രയാവാൻ ഞങ്ങളുടെ ആൽബം കയ്യിലെടുത്ത് ഞാൻ….
ബാത്റൂമിലെ തറയിൽ മന്ത്രകോടിയുടുത്ത് ചിതറിക്കിടക്കുന്ന ഫോട്ടോകൾക്കിടയിൽ ബോധരഹിതയായി കിടന്ന എന്നെ ആദ്യം കണ്ടത് ചിന്നമ്മയാണ്. അവരും അവരുടെ കെട്യോനും ചേർന്ന് എന്നെ ആശുപത്രിയിൽ എത്തിച്ചു. ആദ്യ ശ്രമം പരാജയപ്പെട്ടെങ്കിലും ഇനിയും ഞാൻ അരുതാത്തതിന് മുതിർന്നേക്കാം എന്നോർത്താക്കണം അപ്പച്ചൻ എന്റെ ഏകാന്ത വാസം അവസാനിപ്പിക്കാൻ അന്ത്യശാസനം നൽകി. ആ വീട് വിട്ട് പോകാൻ എനിക്കാവില്ലായിരുന്നു. അങ്ങനെ സുമ കുഞ്ഞമ്മ എന്റെയൊപ്പം താമസം തുടങ്ങി.
എസ്ഥേർ എന്ന എന്റെ രണ്ടാം ജൻമം അവിടെ തുടങ്ങുകയായിരുന്നു. വിദ്യ കുറവെങ്കിലും അഭ്യാസം കൊണ്ട് സമ്പന്നയായിരുന്നു സുമ കുഞ്ഞമ്മ. മുഖം നോക്കി മനസ്സ് വായിക്കാനും വാക്കുകൾ കൊണ്ട് മനസ്സ് മാറ്റാനും പ്രഗത്ഭ. അവരാണ് എന്നെ എഴുതാൻ പ്രേരിപ്പിച്ചത്. ” ജോണിക്കുട്ടൻ മുകളില് പത്രോസിന്റെ ഗുമസ്ഥൻ ആയിട്ടു ജോലിക്ക് പോയതല്ലേ! നിനക്ക് അവനെ ഓർമ്മ വരുമ്പോ ഒരു കത്തങ്ങ് എഴുതി അയക്ക്!”. ഞാൻ ഒരിക്കലും ഇതിനു ചെവികൊടുത്തിരുന്നില്ലെങ്കിലും ഒരേ കാര്യം പലവുരു കേട്ട് എന്റെ ഉള്ളിൽ പതിഞ്ഞിരുന്നു. ഇപ്പോൾ എനിക്കും അങ്ങനെ വിശ്വസിക്കാൻ ആണ് ഇഷ്ടം. സ്വർഗത്തിലെ കണക്കപ്പിള്ള പത്രോസിന്റെ ഗുമസ്ഥൻ. ആ രാത്രി ഒരു ഇൻലെന്റ് എടുത്തു പേനയുമായ് ഇരുന്നപ്പോൾ ഏറെ നാളിനപ്പുറം എന്റെ അധരങ്ങളിൽ ഒരു ചിരി വിടർന്നു.