മലയാളം

ഉൽക്ക

നവംബര് 2 2003

“നമ്മുടെ ശരീരത്തിന്റെ 60% വെള്ളമാണ്, അറിയുവോ?” Facts കുഞ്ഞപ്പൻ അങ്ങനെ ആണ്. എന്തിനും ഏതിനും മൂപ്പരുടെ കയ്യിൽ ഫാക്ടസ് ഉണ്ടാകും. മെസ്സിലെ ക്യൂവിൽ വെച്ച് “എന്തിനാ നീ എപ്പോഴും കുപ്പി കൊണ്ട് നടക്കുന്നെ?” എന്നൊന്ന് ചോദിച്ചു പോയി. ഇനി സാമ്പാറും മേടിച്ചു അങ്ങേ അറ്റത് ആരുടേലും സൈഡിൽ പോയി ഒളിക്കും വരെ Facts പെരുമഴ ആയിരിക്കും. ദൈവമേ ശനിയാഴ്ച ഈ ശനിയനെ തന്നെ മുന്നിൽ കൊണ്ടിട്ടല്ലോ. “നമ്മൾ ഒരു ദിവസം ഏതാണ്ട് 3-4 ലിറ്റർ വിയർക്കും, അറിയുവോ?”. ഇല്ല എന്ന് തല കുലുക്കി നിക്കലാണ് അവിടെ സേഫ്. Facts കുഞ്ഞപ്പന്റെ ഫാക്ടസ് ആൻഡ് വെള്ളം കുടി ബാച്ച് തലത്തിലും ഏറെക്കുറെ സ്കൂൾ തലത്തിലും ഫേമസ് ആണ്. ചുവന്ന കുപ്പിയും കയ്യിൽ പിടിച്ചു നേർരേഖയിൽ മെസ്സിലേക്കുള്ള നടത്തത്തിനും ഒക്കെ ഫാൻസ്‌ ഉണ്ടെന്നാണ് ലൈബ്രറിയിലെ അടക്കം പറച്ചിൽ. “അത് കൊണ്ട് എന്നും എട്ടു ഗ്ലാസ് വെള്ളമെങ്കിലും കുടിക്കണം, അറിയുവോ?”. 

അവന്റെ ഒടുക്കത്തെ ഫാക്ടസ് കേട്ട് അല്പം പേടി തോന്നിയത് കൊണ്ട് അവന്റെ കുപ്പിയിൽ നിന്ന് തന്നെ കുറച്ചു വെള്ളം അടിച്ചു മാറ്റി കുടിച്ചു അഡ്ജസ്റ്റ് ചെയ്തു. എന്നിട്ടും ആരോടും പരിഭവം ഇല്ലാതെ Facts  കുഞ്ഞപ്പൻ ലൈബ്രറി ടൈം ഇലെ ന്യൂസ് പേപ്പറും ഒഴിവാക്കി പോയി വെള്ളം പിടിച്ചു. 

ശനിയാഴ്ച രാത്രികളിൽ ഞങ്ങളുടെ ഡോർമെട്രിയിൽ ഒരു പതിവുണ്ട്. നേരം വൈകി ലൈറ്റ് ഓഫ് ആക്കി കഴിഞ്ഞു എല്ലാരും കുടി ഇരുന്ന് ഒരു കഥ പറച്ചിൽ. ആദ്യമൊക്കെ ഇടയ്ക്ക് സോപ്പും ഉള്ളിയും ഒക്കെ വെച്ച് വീട്ടിൽ പോയി വന്നവന്മാർ പുതിയ സിനിമയുടെ കഥ പറഞ്ഞാണ് തുടങ്ങിയത്. പിന്നെ അതെ മെല്ലെ മെല്ലെ പ്രേത കഥകൾക്ക് വഴിമാറി. ഇടയ്ക് മെഴുകു തിരിയും മെഴുകും ഒക്ക്കെ കത്തിച്ച് ഒരു 7D ഫീലിൽ ആണ് പറച്ചിൽ. പല “ധീരന്മാരുടെയും” ഉത്ഭവം ഈ രാത്രി കഥകളിൽ ആയിരുന്നു. ദൂരദർശനിലെ “സംഭവങ്ങൾ” ആയിരുന്നു മെയിൻ ഐറ്റം. വെള്ള സാരി ഇല്ലാത്ത പ്രേതങ്ങളെ ആദ്യമായ് പരിചയപ്പെടുന്നതും ഈ കഥ സെഗ്മെന്റിൽ ആയിരുന്നു. 

അന്നത്തെ ഊഴം കലൂർക്കാരൻ കുമാരനായിരുന്നു. എറണാകുളം കലൂരല്ല, മുവാറ്റുപുഴ കലൂർ! ആമ്പിയൻസ് ഇത്തിരി കൂട്ടാൻ അന്ന് ബെഡ് എല്ലാം പെറുക്കി സ്റ്റോറിൽ ഇട്ട് അവിടെ ഇരുന്നാണ് കഥ പറച്ചിൽ. ചില വിരുതന്മാർ ബാൽക്കണി സീറ്റ് പോലെ സ്റ്റോർ ഇലെ ഓരോ തട്ടുകളിൽ ചുരുണ്ട് കൂടി ഇരിക്കും. കുമാരൻ അന്നത്തെ കഥ തുടങ്ങി. “ഇത് സീരിയൽ ഒന്നും അല്ല, ഒറിജിനൽ അനുഭവാ!”. എല്ലാരും ഒന്ന് ചൂളി. Facts കുഞ്ഞപ്പൻ അല്പം പുച്ഛത്തോടെ ഒരു ചിരിയും പാസ്സാക്കി. 

“നിങ്ങക്ക് ദേവന്മാരുടെ സഞ്ചാരം അറിയോ” നാനാജാതി മതസ്ഥരരായ ഞങ്ങളെല്ലാം വാ പൊളിച്ച് ഇരുന്നു  “പൗർണമി നാളിൽ ദേവക്ഷേത്രത്തിൽനിന്നും ദേവന്മാർ ദേവി ക്ഷേത്രത്തിലേയ്ക് പോകും.” വെന്റിലെറ്റർ വഴി എത്തി നോക്കുന്ന പൂർണ്ണചന്ദ്രനെ നോക്കി കുമാരൻ ഒരു പോസ്‌ ഇട്ടു. “മാനത്തു ഒരു വെള്ളിത്തേര് തെളിച്ചാണ് അവരുടെ പോക്ക്.” “ഒന്ന് പോയെടാ, ചുമ്മാ ഓരോ Myths ആയിട്ട് ഇറങ്ങിക്കോളും.” Facts കുഞ്ഞപ്പൻ ഇടയ്ക്കു കയറി. “സത്യാടാ കുഞ്ഞപ്പാ, നമ്മുടെ ഹോസ്റ്റൽ അതിന്റെ സഞ്ചാര പാതയില, ഇന്നാണെ പൗർണമിയും, നീ വേണേൽ നോക്കിക്കോ?”. കുഞ്ഞപ്പൻ വീണ്ടും പുച്ഛം വാരി വിതറി ചുവന്ന കുപ്പിയിൽ നിന്നും കുറച്ച് കൂടെ വെള്ളം എടുത്ത് കുടിച്ചു. 

“ഒറ്റ പ്രശ്നേ ഒള്ളു നോക്കണത് അവര് കണ്ടാൽ പനിച്ച് മരിച്ച് വീഴും.” ഫാക്ട് അല്ലെങ്കിലും കുഞ്ഞപ്പനും ഒന്ന് പതറി. 

“ എന്റെ വീടിനടുത്തെ ചന്ദ്രൻ ചേട്ടന്റെ കാള കഴിഞ്ഞ പൗര്ണമിക്കാണ് പെറ്റത്” കുമാരൻ ഇൻട്രോ കഴിഞ്ഞു കഥയിലേയ്ക് കടന്നു. ഫാക്ട് കുഞ്ഞപ്പൻ പോലും അല്പം ഒന്ന് പതറി ഫാക്ടസ് കാണാതെ ആയി. “അന്ന് ക്ടാവിനെ കെട്ടാൻ കയറെടുക്കാൻ ഓടിയതാ പാക്കരൻ ചേട്ടൻ. ചെകുത്താൻ പറമ്പിന്റെ പടിഞ്ഞാട്ട് വെച്ച് മൂപ്പർക്കൊരു ശങ്ക”. “മുള്ളാൻ ഇരുന്ന് മാനത്തു നോക്കിയപ്പോ ആണ്ടെ പോണ് വെള്ളിത്തേര്”. “വായും പൊളിച്ചു തേരിനെ നോക്കി മൂപ്പര് ഒരു “അമ്പോ” അങ്ങ് വിളിച്ചു.” “അമ്പോ വിളിയുടെ കനം ഇത്തിരി കൂടിപ്പോയോ എന്തോ, ദേവന്മാർ മൂപ്പരെ കണ്ടു. അന്ന് തൊട്ട് 8 നാൾ വിറച്ചു പനിച്ചാ മൂപ്പര് മരിച്ചത്”. 

കുമാരന്റെ കഥ പറച്ചിലും കഴിഞ്ഞു എല്ലാരും കിടന്നു. Facts അന്ന് പതിവിലും കൂടുതൽ വെള്ളം കുടിച്ചതാണോ അതോ വിയർക്കൽ കുറഞ്ഞതാണോ എന്തോ? വെളുപ്പിനെ ഒരു രണ്ട് രണ്ടരയ്ക്ക്  മൂപ്പരൊന്ന് വെളിക്കിറങ്ങി. യൂറിനൽ ന്റെ സൈഡിൽ ഉള്ള ജനൽ വഴി ഫാക്ടസ് കുഞ്ഞപ്പൻ ഒന്ന് പുറത്തേക് നോക്കി. വെള്ളിത്തേര് ഒന്നല്ല ഒരു ഡസൻ.   

“ഉത്തർപ്രദേശിലെ, കസൗലിയിൽ ഉൽക്ക വര്ഷം” ആശുപത്രി കിടക്കയിൽ ഈ വാർത്ത ഒന്ന് കണ്ടപ്പോഴാണ് Facts ഇന്റെ പനി ഒന്ന് കുറഞ്ഞത്.

Leave a Reply

ആദ്യരാത്രി

November 25, 2020