ആദ്യരാത്രി
“ഒന്നേ… രണ്ടേ… മൂന്നെ.. നാലേ.. അമ്മേ… അമ്മേ… മോൻലാലിനെ കാണാനില്ലാ” കോഴിക്കൂട് അടയ്ക്കാൻ നേരം പൂവനെ കാണാതിരിക്കുന്നത് എന്ത് കഷ്ടമാണ്. കുഞ്ഞിലേ തൊട്ട് കോഴികൾക്കും പശുക്കൾക്കും ഒപ്പം നടക്കാൻ എനിക്കിഷ്ടമായിരുന്നു. ഉണ്ണിമേരി, ദിവ്യ ഉണ്ണി, ശാലിനി അങ്ങനെ സിനിമ നടിമാരും മോൻലാൽ, മമ്മുട്ടി, കുഞ്ചപ്പോ ഗോപൻ തുടങ്ങിയ നടന്മാരും ഞങ്ങളുടെ തൊഴുത്തിലും കോഴിക്കൂട്ടിലും വാണിരുന്ന കാലം. അതൊക്കെ വിട്ട് ഇനി പുതിയൊരു സ്ഥലത്തു നിന്ന് പഠിക്കാൻ പോകുന്നു എന്നോർത്തപ്പോൾ അല്പം സങ്കടം ഒക്കെ ഉണ്ടായിരുന്നു. എന്നാലും കുറെ പുതുമ കണ്ട് അല്പം ആകാംഷയും ഉണ്ടായിരുന്നു. പുതിയ ചെരുപ്പ്, പുതിയ കുട, പുതിയ ചീപ്, പുതിയ കണ്ണാടി അങ്ങനെ അങ്ങനെ. ഓ അതിന്റെ കൂടെ വെല്യ മമ്മി പണ്ടെങ്ങോ ഹോസ്റ്റലിൽ നിന്നപ്പോ മേടിച്ച ട്രങ്ക് പെട്ടി പുതിയ നീല പെയിന്റ് അടിച്ചതും.
കളിപ്രാന്ത് പാരമ്പര്യം ആയതു കൊണ്ട് ആ വമ്പൻ നീല ഗേറ്റിനു അപ്പുറം എന്നെ പിടിച്ചു നിർത്തിയത് നീണ്ടു നിവർന്ന് കിടന്ന ഗ്രൗണ്ടുകൾ ആയിരുന്നു. ഓരോ കളിക്കും ഓരോരോ കോർട്ടുകൾ! എന്റമ്മോ! ചുറ്റും മലകളുള്ള, എപ്പോഴും ഒരു കാറ്റും തണലുമുള്ള ആ കോംപൗണ്ടിൽ അന്ന് മുതൽ ഞാനും ഒരു ഭാഗമായി. ഇരട്ട കട്ടിൽ കണ്ട ആഹ്ലാദവും, പുതിയ ബാലരമയും, പിന്നെ നല്ല വിചിത്രം മലയാളം പറയണ കുറെ പിള്ളേരും ഒക്കെ ആയപ്പോ അപ്പനും അമ്മയും പോയത് അധികം എന്നെ അലട്ടിയില്ല. അതിന്റെ കൂടെ ഉച്ചക്ക് ആദ്യമായി ക്ലാസ്സിൽ ചെന്നപ്പോ ഇടിമുഴക്കം പോലെ കേട്ട “മര ഊളകളേ”(ചെവിയിൽ മീശ ഉള്ള സെബി സാറിന്റെ വക) വിളി കൂടി ആയപ്പോ ചിന്തകൾക്ക് അടങ്ങി ഇരിക്കാൻ ഒത്തിരി വകയായി. വൈകുന്നേരം ആയപ്പോഴേക്കും കുറച് പരിചയക്കാരൊക്കെ ആയി, അതിന്റെ കൂടെ ഞങ്ങളുടെ മാർഗനിർദേശി ജോർജ് ചേട്ടനും, റൂമിലെ സീനിയർ പീറ്റർ ചേട്ടനും. അവരാണ് ചേട്ടായി വിളി ലോക്കൽ ആണെന്നും ഇനി അങ്ങോട്ട് “ചേട്ടാ”മതിയെന്നും പഠിപ്പിച്ച് തന്നത്.
രാത്രി ചോറും കഴിച്ചു തിരിച്ചെത്തി ഡബിൾ ഡെക്കറിന്റെ മുകളിൽ കിടക്കാം എന്നോർത്തപ്പോ ആണ്ടെ വരുന്നു അജയ് കുമാർ സർ. വീണ്ടും ഒരു റൗണ്ട് പരിചയപ്പെടുത്തൽ ഒക്കെ കഴിഞ്ഞ് ഒരെണ്ണമെടുക്കൽ തുടങ്ങി. അതായിരുന്നു ആദ്യ രാത്രിയുടെ തുടക്കം. ഒരു നിമിഷം ഞാൻ ദിവ്യ ഉണ്ണിനേം, കുഞ്ചപ്പോ ഗോപനേം ഒക്കെ ഓർത്തു പോയി. ഇവിടെ അംബ്രോസും അലോഷും അമലേന്ദുവും ഒക്കെ, ഞങ്ങളെയും കൂട്ടിൽ കേറ്റി വാതിൽ അടച്ചു. കുറച്ചു കഴിഞ്ഞ് ജോൺസൺ ചേട്ടൻ വന്ന് വാതില് പൂട്ടിയും ഇട്ടു. ചിരിയും കളിയും കഴിഞ്ഞ് ലൈറ്റുകൾ അണഞ്ഞതും ചിന്തകൾ പറക്കാൻ തുടങ്ങി. ഡബിൾ ഡെക്കർ കട്ടിലിന്റെ മുകളിൽ ഏകാന്തത മെല്ലെ കനത്തു വന്നു. അപ്പയും അമ്മയും വീടിന്റെ ഓർമകളും കണ്ണിനു മുന്നിൽ തെളിഞ്ഞു തുടങ്ങി. ഇടയ്കെല്ലാം ഫാനിന്റെ ശബ്ദത്തിനും മുകളിൽ ചെറിയ ഏങ്ങലുകൾ കേൾക്കാം. എനിക്കും കരയണം എന്നുണ്ട്. വീടിന്റെ മണമെങ്കിലും കിട്ടാൻ ചുറ്റും പരതി. പക്ഷെ എല്ലാം പുതിയത് മാത്രം. ഭിത്തിയുടെ കോണിൽ അരിച്ചു നടന്ന പല്ലിയോട് സങ്കടങ്ങൾ മനസ്സിൽ പറഞ്ഞു. എന്നിട്ടും ഉറക്കം വരുന്നില്ല. തിരിഞ്ഞ് മറിഞ്ഞ് കിടന്നപ്പോൾ പോക്കറ്റിൽ എന്തോ തടഞ്ഞു. അമ്മയുടെ തൂവാല ആണ്. ഉച്ചക്ക് എപ്പോഴോ എനിക്ക് തന്നത് തിരിച്ചു മേടിക്കാൻ മറന്നതാണ്. തലയിണയിൽ ആ തൂവാല വെച്ച് അതിൽ മുഖം ചേർത്തു കിടന്നു. വീടിന്റെയും അമ്മയുടെയും ഗന്ധത്തിൽ ലയിച്ചു ഞാൻ മെല്ലെ മയങ്ങി. ഒരു പക്ഷെ ‘അമ്മ മനപ്പൂർവം മറന്നതാവാം എന്തായാലും, എന്റെ ഏങ്ങലടി കൂടി അന്ന് പല്ലികൾക്ക് സഹിക്കേണ്ടി വന്നില്ല.
അടുത്ത ഞായറിന് വീട്ടുകാർ വന്നപ്പോഴേക്കും എന്റെ നവോദയാൻ മാമ്മോദീസാ കഴിഞ്ഞിരുന്നു. അത് കൊണ്ട് തന്നെ അമ്മേടെ തൂവാലയും തിരിച്ചു കൊടുത്തു വിട്ടു.