അവൾ
പാട്ടിനും തുള്ളലിലും മതി മറന്നു ഒരു പുതു വർഷത്തെ കൂടി ഞങ്ങൾ വരവേറ്റു. എന്നത്തേയും പോലെ ഓവറാക്കി അലമ്പാക്കാതെ സമ്പൂർണ ബോധത്തോടെ ഹാപ്പി ബർത്ത് ഡേയ് 2007 ഒകെ പാടി ഫോർട്ട് കൊച്ചി ബീച്ചിൽ നിന്നും ബസിൽ കയറി. കൊച്ചി കഴിഞ്ഞിട്ടേ ഇനി നിർത്തൂ എന്ന് പറഞ്ഞപ്പോൾ ഇത്ര തിരക്ക് പ്രതീക്ഷിച്ചില്ല. എങ്ങും കൈ പിടിക്കാതെ ബസിൽ നിന്ന് പോകാൻ ഇങ്ങനെ ഉള്ള അസുലഭ മുഹൂർത്തങ്ങളിലേ നടക്കു.നേരിയ തണുപ്പുള്ള രാത്രിയിലും ബസ് നിറഞ്ഞ ആളുകളെല്ലാം വിയർത്തൊഴുകുന്നുണ്ടായിരുന്നു. കഴുത്തിന് നേരെ ഉയർന്നു നിന്ന കൈമുട്ടുകളെയും ഇടയ്ക്കിടെ വിരലുകളിൽ വന്നമർന്ന കാൽ പാദങ്ങളെയും ഒഴിവാക്കി ഒരു ഓരം പറ്റി നിന്നു.വെണ്ടുരുത്തി പാലത്തിലേയ്ക് കയറിയതും വണ്ടിയൊന്നാടിയുലഞ്ഞു, കട്ട കൂടി നിന്ന ആളുകളെല്ലാമൊന്ന് ഇളകി നിന്നു. വിയർപ്പു നാറ്റത്തിനും കൊച്ചി കായലിന്റെ ഉളുപ്പ് മണത്തിനുമിടയിൽ വാതിലിനരികിലെ സീറ്റിൽ തട്ടം മറച്ച മുടിയിഴകളിൽ ഒന്ന് കാറ്റിനൊപ്പം മെല്ലെ ഇളകിയാടി. സ്ഥാനം തെറ്റി വന്ന കാർകൂന്തലിനെ ചൂണ്ടു വിരൽ കൊണ്ട് തട്ടത്തിനുള്ളിലേയ്ക് മടക്കിയയക്കുമ്പോൾ അവൾ മെല്ലെ മുഖം തിരിച്ചു.
നെറ്റിയിൽ തങ്ങി നിന്ന വിയർപ്പു തുള്ളികൾ അവളുടെ കരിമഴിയിൽ കുതിർന്നു താഴോട്ട് നീങ്ങി. അത് തുടച്ചു മാറ്റിയ കൈകൾ മുഖ മറ മാറ്റിയകന്നപ്പോൾ നക്ഷത്രങ്ങൾ ഉള്ളിൽ ഒളിപ്പിച്ച അവളുടെ വെള്ളാരം കണ്ണുകളിൽ എന്റെ നോട്ടം ഉടക്കി. ആ കണ്ണുകൾ ഞാൻ കണ്ടിട്ടുണ്ട്. എവിടെയെന്നറിയില്ല പക്ഷെ പലവട്ടം ഞാൻ കണ്ടു മറന്ന കണ്ണുകൾ. അവൾ എന്നെ തുറിച്ചു നോക്കുന്നുണ്ടെന്ന തിരിച്ചറിവിലും ആ കണ്ണുകളെ ഓർത്തെടുക്കാനുള്ള ചിന്തയിൽ ആ നക്ഷത്രക്കണ്ണുകളിൽ തന്നെ നോക്കി ഞാൻ നിന്നു. ഞാൻ പോലുമറിയാതെ എന്നിൽ വിടർന്ന പുഞ്ചിരിയുമായ് മുകളിലെ കമ്പിയിൽ തൂങ്ങി കൈകളിൽ തല ചായ്ച്ചു അവളുടെ കണ്ണുകളിൽ നോക്കി കുറെ നേരം നിന്നു. ഓർമ വരുന്നില്ല. അവളുടെ മുഖം ചുവന്നു തുടങ്ങിയിരുന്നു.
എറണാകുളത്തെ പാതയോരങ്ങളിൽ പ്രകാശം പരന്നു തുടങ്ങിയിരുന്നു. ബസിലെ തിരക്കും കുറഞ്ഞു വന്നു. വഴിയരികിൽ മഞ്ഞ വെളിച്ചം പരത്തി നിൽക്കുന്ന വഴിവിളക്കുകളെ നോക്കി അവൾ അവിടെ തന്നെ ഉണ്ട്. ഒന്നെന്റെ നേരെ തിരിയാൻ കാത്തിരിക്കുമ്പോഴും ആ കണ്ണുകൾ മനസ്സിൽ മായാതെ ഉണ്ട്. ഓർമയുടെ ആഴങ്ങളിലെവിടെയോ എന്നെ വല്ലാതെ അലട്ടുന്ന ഒരു വെമ്പലായ് അവൾ മാറുകയായിരുന്നു. ആ കണ്ണുകൾക്കപ്പുറം എന്റെ നോട്ടങ്ങളെ വിലക്കിയതെന്ത് എന്നത് വല്ലാത്ത ഒരു നീറ്റലായ് മാറി തുടങ്ങിയിരിക്കുന്നു. എന്റെ സ്റ്റോപ്പ് എത്തും മുന്നേ അവൾ ഒരിക്കൽ കൂടെ മുഖം തിരിച്ചു. ഇത്തവണ ദേഷ്യം ഇല്ല, അദ്‌ഭുതവും അതിനൊപ്പം നാണവും കലർന്ന നോട്ടത്തിലും എനിക്ക് ആ കണ്ണുകൾ മാത്രമേ കാണാൻ കഴിഞ്ഞൊള്ളു. ബസ് സ്റ്റോപ്പിൽ ഇറങ്ങി അവൾ നടന്നകുലുമ്പോഴും തുടക്കം മുതൽ മായാതെ നിന്ന പുഞ്ചിരിയുടെ പ്രകാശം ഇനിയും കൂട്ടി ജനൽ വഴി ഞാൻ അവളെ നോക്കി നിന്നു. കാഴ്ച്ചയിൽ നിന്നും മായും മുന്നെ അവൾ തിരിഞ്ഞൊന്നു നോക്കി.
വർഷങ്ങൾക്കിപ്പുറം അവളുടെ കൈ പിടിച്ചാവഴിയെ നടക്കുമ്പോൾ ഞാൻ ചോദിച്ചു “നമ്മൾ അതിനും മുന്നെ കണ്ടിട്ടുണ്ടോ”. ഉണ്ടെന്നു പറഞ്ഞവൾ തലയാട്ടി. ഒത്തിരി കാത്തിരുന്ന ഉത്തരം അറിയാൻ കാതോർത്ത എന്നോടവൾ പുഞ്ചിരി നിറഞ്ഞ മുഖം മേലോട്ട് ഉയർത്തി പറഞ്ഞു ” അവിടെ വെച്ച് “.