അമ്മേടെ പ്രഭോ
റോഡരികിൽ പടർന്ന് പന്തലിച്ചു നിൽക്കുന്ന മരങ്ങൾക്കു നടുവിലാണ് ആ ചെറിയ വീട്. ചിതൽ തിന്നു തീരാറായ ഉത്തരവും പായൽ പുരണ്ടു കറുത്ത് തുടങ്ങിയ ഓടുകളും കാണണമെങ്കിൽ അങ്ങടുത്തു ചെല്ലണം! അത്രയ്ക്കുണ്ട് ആ വീടിനു ചുറ്റും തലയുയർത്തി നിൽക്കുന്ന മരങ്ങൾ. ഒറ്റമുറി വീടിന്റെ ഒത്ത നടുവിൽ നിവർന്നു നിൽക്കുന്ന തൂണിൽ ആണ് ആ വീടിന്റെ ഭാരമത്രയും. ആ തൂണിൽ തറച്ച ആണികളിൽ തൂങ്ങുന്ന തുണികൾ മാത്രമേ അയാൾക്ക് സമ്പാദ്യമായൊള്ളു. ആ മുറിയുടെ ഒരു അരികിൽ പുൽപായയിൽ കിടന്നുറങ്ങുകയാണയാൾ. അയലത്തെ പൂവൻ അയാളെ വിളിച്ചുണർത്തി. നരപിടിച്ച താടിയും ചൊറിഞ്ഞു അയാൾ അവിടെ തന്നെ ഇരുന്നു. മച്ചിലൂടെ ഓടി കളിച്ച പല്ലിയെ നോക്കി വേണ്ടതും സമയം കളഞ്ഞു. തുള വീണ ഓടിലൂടെ സൂര്യൻ എത്തി നോക്കിയതും അയാൾ തൊടിയെലെക്കോടി.
ഷാജിയേട്ടന്റെ കടയിലെ ചായം കുംഭം തിളച്ചു തുടങ്ങി. ആ ആവിയും നോക്കി ആളുകൾ കുറച്ചുണ്ട്. പത്രം പങ്കിട്ടു ചായ നോക്കി ഇരിക്കുന്ന നിത്യ യവ്വനങ്ങൾ. ചാനൽ ചർച്ച തോൽക്കും വിധമാണ് എന്നും ഷാജിയേട്ടന്റെ കട. അവസാനം രവി മാഷോ, കുഞ്ഞാണു മെംബറോ വിധി പറയണം. അയാളും ഈ ചർച്ചകളിലെ ഒരു നിറ സാന്നിധ്യമാണ്. മറ്റുള്ളവരുടെ കൂത്തുകൾ കണ്ട് പിന്നിൽ ഇരുന്നു രണ്ടു പൊറാട്ടയും ഒരു കപ്പു സാമ്പാറും തീർക്കുന്ന സാന്നിധ്യം. അയാളോട് ഷാജിയേട്ടൻ കാശു ചോദിക്കില്ല. മെംബറോ, മാഷോ മറ്റേതെങ്കിലും അഭ്യൂദയകാംഷിയോ കൊടുക്കാറാണ് പതിവ്. ഈ സൗജന്യ ഭക്ഷണം ഒരു തരത്തിൽ അയാളുടെ കൂലിയുമാണ്.
പൊള്ളുന്ന വെയിലാണ്. വറ്റി കിടക്കുന്ന കനാലിനരികിലെ നിര വളരെ വലുതാണ്. സുപ്രീം കോടതി വിധിയെ പഴിച്ചു ക്ഷമയോടെ കാത്തു നിൽക്കുന്നവർ. പഞ്ചായത്തു റോഡിനെ ഹൈവേ ആക്കാൻ നടന്നവർക്കു ഇന്ന് റോഡ്, വരമ്പായാലും സന്തോഷം. ആത്മാവിന്റെ ദാഹം തീർക്കാൻ നിൽക്കുന്ന വരിയിൽ തീ ചൂടിനും കനത്ത മഴക്കും സ്ഥാനമില്ല. വരിയുടെ ഇടയിൽ അയാളും ഉണ്ട്. പച്ച കളർ കൈലി മുണ്ടിന്റെ അറ്റം ചുണ്ടിൽ കടിച്ചു പിടിച്ച്. നിര തെറ്റിച്ചിട്ട ഷർട്ടിൽ ഒറ്റക്കായ ബട്ടണിൽ വിരൽ ഓടിച്ച് അയാൾ അവിടെ നിന്നു. ആദർശവാദികളുടെ മദ്യ വിതരണക്കാരൻ ആണ് അയാൾ. വരി നിൽക്കാനും തുള്ളി പോകാതെ വീട്ടിലെത്തിക്കാനും വയറു നിറയെ ഭക്ഷണം മാത്രമാണ് കൂലി. അയാൾ ആ കൂലിയിൽ സംതൃപ്തനുമാണ്. എന്നും മൂന്ന് നേരം വരി നിന്ന് കള്ള് വാങ്ങി കൊടുത്താൽ അയാളുടെ ആവശ്യങ്ങൾ എല്ലാം നടക്കും. ഭക്ഷണത്തിനപ്പുറം അയാൾക്കു വേറെ ഒന്നും വേണ്ട. മുണ്ടിലെ കീറലോ ചെളിയോ അയാളെ അലട്ടിയിരുന്നില്ല. ഈ ലോകസുഖങ്ങൾ അയാൾക്കറിയില്ല. ചുളിങ്ങിയ കടലാസും പുത്തൻ നോട്ടും അയാള്കൊന്നാണ്. ഒരു തരത്തിൽ ഭാഗ്യവാൻ.
ബീഡി കറ പുരണ്ടു കറുത്ത ചുണ്ടിൽ ഊർന്നിറങ്ങിയ മീശയെ മെല്ലെ ഒതുക്കി കടയരികിൽ സഖാവ് നില്പുണ്ട്. പോയകാല ഉരുട്ടലിന്റെ വേദനയിൽ ഇന്നും നടു വളച്ചാണ് നടത്തം. പല വട്ടം അയാളെ സഖാവ് ഉപദേശിച്ചിട്ടുണ്ട്. പക്ഷെ ഭക്ഷണം തരുന്ന ആളുകളിൽ ചൂഷണം എന്ന വാക്ക് അയാൾക്കു കാണാൻ അറിയില്ല. വിരലുകൾ കൊണ്ട് കൈവള്ളയിൽ മറച്ച ബീഡിയിൽ നിന്നും പുക ശ്വാസകോശം നിറയെ വലിച്ചു സഖാവ് അയാൾക്കരികിലേയ്ക് നടന്നു.
“പ്രഭാകര നീ ഒരു ചെറുത് എനിക്കും മേടിച്ചോ.”
കാശു അയാളുടെ കയ്യിൽ കൊടുത്തു സഖാവ് പാർട്ടി ആഫീസിന്റെ തിണ്ണയിൽ കാത്തിരുന്നു. പതിവുപോലെ മെമ്പർക്കും മറ്റു നിത്യ യജമാനന്മാർക്കും പൊതി കൊടുത്തു അയാൾ സഖാവിനരികിലെത്തി. കുപ്പി കൊടുത്തു മടങ്ങാൻ നേരം ഒരു ഗ്ലാസിൽ അല്പം മദ്യം അയാൾക്കു നേരെ നീട്ടി. ആദ്യം മടിച്ചെങ്കിലും സഖാവിന്റെ കൂലി എന്ന് കരുതി അയാൾ അത് കുടിച്ചു. കൈപിലും തരിപ്പിലും അയാൾക്കു അന്നനാളം വരെ കരിഞ്ഞു പോകും പോലെ തോന്നി. കുറച്ചു നിമിഷങ്ങൾക്കപ്പുറം അയാൾ ആ ഗ്ലാസ്സിലേയ്ക് വീണ്ടും നോക്കി ചിരിച്ചു നിന്നു.
സന്ധ്യാ സമയം. അയാൾ ഊണ് കഴിക്കാൻ മറന്നു. സഖാവിനൊപ്പം കുപ്പി തീർന്നതും അയാളുടെ ബുദ്ധിമണ്ഡലങ്ങൾ ഉണർന്നു. പാപ്പന്റെ നൈറ്റുകടയിലെ റേഡിയോ ശബ്ദിച്ചു തുടങ്ങിയിരുന്നു. റേഡിയോ പാട്ടിന്റെ ഈണത്തിൽ അയാളും സഖാവിനൊപ്പം ചുവടു വെച്ച് തുടങ്ങി. പച്ച കൈലിമുണ്ടിന്റെ അറ്റം വായിൽ കടിച്ചു പിടിച്ചു അയാൾ തുള്ളൽ തുടങ്ങി. പാട്ടിനു മീതെ അയാളുടെ ശബ്ദം ഉയർന്നു. ഏതോ കോണിൽ ഉറങ്ങിയാ ബോധം ഉണരും നേരം വരെ അയാൾ ഉച്ചത്തിൽ പാട്ടും ആട്ടവും തുടർന്നു. പന്തികേട് തോന്നിയ പാപ്പൻ പോലീസിനെ വിളിച്ചു.
പോലീസ് സ്റ്റേഷനിലെ ബെഞ്ചിൽ തല ചൊറിഞ്ഞ് അയാൾ ഇരുന്നു. അരികിൽ അയാൾക്കെതിരെയുള്ള ചൂഷണങ്ങളെക്കുറിച്ചു ഉറക്കെ പ്രസംഗിച്ചു സഖാവുമുണ്ട്. SI പുതിയ ആൾ ആണ്. അയാളെ ഇനിയും പരിചയപ്പെട്ടിട്ടില്ല.
“എന്താ നിന്റെ പേര് ?”
“അമ്മേടെ… പ്രഭോ…” താഴ്ന്ന സ്വരത്തിൽ മുഖത്ത് നോക്കാതെ ശ്വാസം എടുത്തു അയാൾ പറഞ്ഞു.
“പൊലീസുകാരെ കളിയാക്കുന്നോടാ” ആക്രോശത്തിനൊപ്പം കൈ മുട്ട് അയാളുടെ മുതുകിൽ പതിയും മുന്നേ, സുധാകരൻ പോലീസ് ഇടപെട്ടു.
“തല്ലല്ലേ സാറേ, അല്പം പിന്നോട്ടാ… മര്യാദക്കാരനാ ഇന്നീ കിളവന് വെളിവില്ലാണ്ട് കുടിപ്പിച്ചതാ…”
“അമ്മയ്ക്കു വിളിച്ചത് താൻ കേട്ടില്ലെടോ” SI യുടെ അരിശം മാറിയിട്ടില്ല.
“സാറേ അവൻ അങ്ങനാ പേര് പറയുന്നേ… തള്ള കൊച്ചിലെ ചത്ത് പോയി, അതിന്റെ ഏനക്കേടിൽ സ്ഥിരത പോയതാ…”
“എന്ന പിന്നെ ഈ കോപ്പനെ ഒക്കെ വെല്ലോ ആശുപത്രിയിലും ഇട്ടൂടെ…. മെനക്കെടുത്താൻ ആയിട്ട്”
ആശുപത്രി മെത്തയിൽ അയാൾ അസ്വസ്ഥനാണ്. പായയിലെ കുളിരു മെത്തയിൽ ഇല്ല. അകത്തു കിടക്കുന്ന മദ്യത്തിന്റെ വീര്യം അയഞ്ഞതും ഇടയ്ക്കു വന്നു പോയ മയക്കവും വിദൂരമായി.
“അവൻ വരുമെടോ” മെമ്പറുടെ ശബ്ദത്തിൽ ഉറച്ച വിശ്വാസം ഉണ്ട്. ” അവിടത്തെ കിടക്കേം, മൂന്ന് നേരം ചോറും അവനു പിടിക്കൂന്ന് തോന്നുന്നുണ്ടോ”
ഇടയ്ക് ആരൊക്കെയോ നന്നായി എന്ന് പറഞ്ഞെങ്കിലും, അയാളുടെ സ്വാതന്ത്ര്യത്തിൽ കൂച്ചു വിലങ്ങായി ആണ് മെമ്പറും ഷാജിയേട്ടനും രവി മാഷും ഒക്കെ അയാളുടെ ആശുപത്രി വാസത്തെ വിലയിരുത്തിയത്.
പൂവന്റെ കൂവലിനും മുന്നേ മുഴങ്ങിയ ബെല്ലിൽ അയാൾ ഉണർന്നു. മയങ്ങിയത് എപ്പോൾ, അയാൾക്കറിയില്ല, അതിൽ അയാൾക്കു ആശങ്കയുമില്ല. താൻ എവിടെയാണെന്ന് തിരിച്ചറിഞ്ഞില്ലെങ്കിലും, പുറത്തേയ്ക്കു കണ്ട വാതിലിലൂടെ അയാൾ നടന്നു. അയാളുടെ തൊടിയിലേയ്ക്. വെളിച്ചം വീഴും മുന്നേ അങ്ങെത്തണം. പിന്നെ രവിയേട്ടന്റെ കടയിൽ നിന്നു പൊറോട്ട തിന്നണം. അയാളുടെ മനസ്സിൽ അത് മാത്രമായിരുന്നു.